Wednesday, May 17, 2017

കാഴ്ചയ്ക്കപ്പുറം




നോക്കൂ ഞാനീ-
ചില്ലു ജാലകത്തിനിപ്പുറത്ത്
അത് തന്നെയാണ് കണ്ടു
കൊണ്ടിരിക്കുന്നത്...........

ജാലകത്തിനുള്ളിലൂടെ
നീ കാണുന്ന അതേ  ദൃശ്യങ്ങൾ...

ശീതീകരിച്ച  മുറിയിലെ
നിന്റെ കാഴ്ചയുടെ രസതന്ത്രം
പക്ഷെ  എന്റെയിടത്തു ,
അല്ലെങ്കിൽ ഞങ്ങളുടെയിടങ്ങളിൽ
മാറുവാനുള്ളതാണെന്നതാണ് മാറ്റം ...
 
അല്ലെങ്കിൽ സുഹൃത്തേ
ഇങ്ങനെയും പറയാം ...

കാഴ്ച്ചയുടെ പരിധി
പുനർ നിർവചിച്ചു
നീയൊന്നു  പിറകിലോട്ടു മാറിയാൽ
ഞാനും കാഴ്ച്ചയായി മാറിടും ......



                              നവാസ് അത്തോളി



Sunday, April 9, 2017

ഉച്ചഭാഷിണി



ച്ചഭാഷിണിയുടെ
വലിയ വാവട്ടം
കേൾപ്പിക്കാൻ മാത്രമുള്ളതാണ്....

കൂടുതൽ ഉച്ചത്തിൽ
കൂടുതൽ കാതുകളിൽ..

ഇടതന്റെ വലതന്റെ
മതത്തിന്റെ യുക്തന്റെ
പക്ഷങ്ങളിൽ, പക്ഷേ-
പക്ഷങ്ങളില്ലാതെ....

തിരിച്ചെന്തെങ്കിലും
കേൾക്കുക എന്നതും
കാതുകളുണ്ടാവുകയെന്നതും
ജന്മഭാവമല്ല താനും.....

പക്ഷേ,
പറഞ്ഞ് പറഞ്ഞ്
ഭരണകൂടങ്ങൾ പ്രമാണികളുടെ
ഉച്ചഭാഷിണികൾ 
മാത്രമായി തീരുന്നിടത്ത്-
പ്രജകൾ കർണ്ണപുടങ്ങൾ
സ്വയം തകർത്താണ്
ശബ്ദങ്ങളിൽ നിന്ന്
മോചനം നേടുന്നത്......




                                      നവാസ് അത്തോളി




                                                                           ചിത്രം ഗൂഗിളിൽ നിന്നും ........

Saturday, December 10, 2016

നഗ്നനാണ്


അന്ന്
രാജാവിനെ
നഗ്നനാക്കിയത്
നെയ്ത്തുകാരന്റെ
ബുദ്ധിയായിരുന്നു-

ഇന്ന്
കാഴ്ചയുടെ
രസതന്ത്രത്തിൽ
രാജ്യസ്നേഹത്തിന്റെ
ചാന്ത് ചേർത്ത്
രാജ്യത്തെയും
വിഡ്ഢിയായ രാജാവിനെയും
നഗ്നമാക്കുന്നത്
പഴയ നെയ്ത്തുകാരന്റെ
പുതു ജന്മങ്ങളും....

പക്ഷേ
സത്യം വിളിച്ചു പറയാൻ
ആൾക്കൂട്ടത്തിനിടയിൽ
പഴയ കുട്ടിയെ
ഇന്നും തിരയുന്ന
നമ്മളേക്കാൾ വലിയ
വിഡ്ഡികൾ ആരുണ്ട്....


       നവാസ് അത്തോളി
     

Thursday, September 29, 2016

നീതി...

ഒരു പുലരി ,
മഞ്ഞു തുള്ളി
തളിരിലയും.....

മഞ്ഞിളം കുളിരിൽ
കുഞ്ഞിളം തളിര്
ഉൾപുളകമാർന്നും..

സൂര്യാംശുവേറ്റേറെ -
നാണമായ് ചൂളി
മഞ്ഞിൻ കണമോ
കൂനിയിരുന്നു...

തുമ്പമലരു പോൽ
കുഞ്ഞിളം വിരലുകൾ
പൂക്കളിറുക്കുന്നു
പാട്ടുകൾ പാടുന്നു...

തന്നിളം കൊക്കുകൾ
നീട്ടി ചിലച്ചു കൊണ്ടൊരു
കൊച്ചു കിളിയുടെ
കൊഞ്ചലിന്നീണവും......

ഒരു മാത്ര, സർവ്വവും
മാഞ്ഞു പോയി
വേട്ടയായ്-
തേട്ടമായ്, രോദനവും...

തളിരിന്റെ കുളിരാർന്ന
ശാന്തിപർവ്വം
ഒരു തുള്ളി രുധിരം
കവർന്നെടുത്തു....

പൂക്കൂട തൂങ്ങിയ
പൂവിതൾ മാറിൽ
കോമ്പല്ലു കേറിയ
പാടുകൾ നീളെയായ്...

പടരും വിപത്തിന്റെ
ദ്രംഷ്ട്രകൾ രാകുന്ന
കാരുണ്യമെന്തിന്
കൂട്ടുകാരേ.......

''നീതി " രണ്ടക്ഷരം
"തീനി " യും രണ്ടു താൻ
കൊല്ലുന്ന പാപം
തിന്നുന്ന നീതിയോ....

Sunday, September 25, 2016

ഭക്തമാഹാത്മ്യം

ചില ഭക്തരുണ്ട്
അവർ ദൈവത്തെ
ചിലപ്പോഴങ്ങ് സഹായിച്ച്-
 കളഞ്ഞേക്കും.....

പ്രാർത്ഥനാലയങ്ങളുടെ
മേൽക്കൂരകൾ താങ്ങി നിർത്തുന്ന
പല്ലികളെപ്പോലെ....

ചില ഭക്തരുണ്ട്
അവർ ദൈവത്തിന്
മുൻപേ വിധി പറഞ്ഞേക്കും..

ചിലരുണ്ട്
ദൈവത്തെ
കയറിയങ്ങ് സംരക്ഷിക്കുന്നവർ..

ഇടം വലം തിരിയാതെ
ഇരിക്കെന്റെ ദൈവമേയെന്ന്
വേറെ ചിലർ....

ഈ ഭക്തരുടേതൊന്നുമല്ല
ദൈവമെന്ന്
പക്ഷേ-
നിശ്ശബ്ദമായി വിളിച്ചു പറയുന്നത്
പ്രപഞ്ചം തന്നെയാണ്....

Monday, November 30, 2015

കഴുതകൾക്ക് വേണ്ടിയൊരു ക്ഷമാപണം ...............

ഒരാളൊരു
ജനതയ്ക്കു വേണ്ടിയും
ഒരാളിരു-
 ജീവനുകള്‍ക്ക്  വേണ്ടിയും
ഉയിരേകി
സ്വയമലിഞ്ഞു പോയവര്‍



ഒരു ജീവനാരെങ്കിലും
കാത്താല്‍
മനുഷ്യകുലത്തെ
മുഴുവനും കാത്തെന്നു
വിശുദ്ധ ഗ്രന്ഥം..

മരണത്തിന്റെ
മാലാഖയുടെ
ഇരു ചുമലുകളില്‍
നിത്യതയിലുറങ്ങാന്‍
പോകുന്ന നേരം,-

അവര്‍ കണ്ട-
കനവിന്റെ
കുന്നുകള്‍ക്കിപ്പുറം,-
ശവം തിന്നു
ചീര്‍ക്കുവാന്‍
ആര്‍ക്കുന്നു നമ്മള്‍......

മലം തിന്നു
തള്ളാന്‍
അറക്കാതെ
വായകള്‍........

ഇനിവയ്യ പ്രിയരേ
വെറുതെയിരിക്കാന്‍...
ഇതുവഴി വരാനുള്ള
പ്രളയവും കാണാന്‍.....















Thursday, October 22, 2015

ബീ...........................




ബീഫാണ് പ്രശ്നം...
കണ്‍കളില്‍, ചെവികളില്‍
ശ്വാസമായ്,കൂട്ടമായ്‌
മുന്നിലായ്, പിന്നിലായ്,
ബീഫാണ് പ്രശ്നം...

എരിയുന്ന വയറിലെ
തീയല്ല പ്രശ്നം
കരിയുന്ന വയലിലെ
നോവല്ല പ്രശ്നം..

പിഞ്ചിന്റെ യുടലിലും
രേതസ്സ് വീഴുന്ന-
കുഞ്ഞിളം കനവിനെ
കത്തിയെരിക്കുന്ന-
ഇന്നിന്റെ മുന്നിലും
ബീഫാണ് പ്രശ്നം....!!!!!

ബീഫല്ല പ്രശ്നം-
പോത്തുകളോതുന്ന
വേദങ്ങള്‍ പ്രശ്നം....

അല്ലെങ്കില്‍
വേദങ്ങളോതുന്ന
പോത്തുകള്‍ പ്രശ്നം.....
                                                      നവാസ് അത്തോളി

മീശയുടെ ശ

മീശ പിരിച്ചു പിരിഞ്ഞു നമ്മൾ മീശ പിരിച്ചു പിരിച്ചൂ..... മൂക്കേൽ തൊട്ടു കളിച്ചൂ പിന്നെ മീശ വടിച്ചു കളഞ്ഞൂ.... ആഞ്ഞൂ പിടിച്ചു വലിച്ചൂ ...