Friday, November 22, 2013

ജീവിതമെന്നത്‌....

തിടുക്കം കൂട്ടീട്ടെന്തു കാര്യം
ഒരു തുള്ളി മഷിയെ-
ബാക്കിയുള്ളൂ ....


വേഗത്തിലായാലും
വേഗം വെടിഞ്ഞാലും
വാക്കുകള്‍
വരികള്‍ക്കൊരേ  നീളം.

നുണച്ചു കുറിക്കുകയിനിയി -
പ്പേനയാല്‍..
ഓരോ വരിയും
ഓരോ യുഗങ്ങളായ്‌...


പക്ഷെ ചുരുക്കി-
ക്കുറിക്കുക..
പരത്താന്‍ മടിക്കുക.......!!
                     
                                          നവാസ് അത്തോളി

Tuesday, September 3, 2013

ഉത്സവമേളം


നാലുപുരക്കാവിലന്ന്‍-
നാലാം ഉത്സവമായിരുന്നു
നാണം നിറഞ്ഞൊരു കണ്ണ്-
നെഞ്ചകമാകെ  നിറഞ്ഞ്‌  ......
നാലുപുരക്കാവിലന്ന്‍-
നാലാം ഉത്സവമായിരുന്നു ...

ചെണ്ടകള്‍ മിണ്ടുന്നതെന്തേ
ചേങ്ങില താളത്തിലെന്തേ-
പുത്തന്‍ വര്‍ണ്ണക്കുടകള്‍ ,
പൂക്കള്‍ നിറയുമിടങ്ങള്‍  ...

മേളം മുറുകി മുറുകി-
മേലേകാവിന്നരികില്‍,
ആല്‍മരചോട്ടിന്‍ തറയില്‍.
വാണിഭചന്ത  തിരക്കില്‍ -
കണ്ടില്ലയൊന്നുമെന്നുള്ളം
കണ്ടതാ പൂര്‍ണേന്ദു  മാത്രം .

ഒരു ക്ഷണം മേലോട്ടു പൊന്തി-
വാനില്‍ നിറഞ്ഞു ചിതറും
പൂത്തിരി വെട്ടത്തില്‍ പോലും
പൂക്കുന്നു നിന്‍ ചിരി തോഴീ ......

മേളം പിരിയുന്ന നേരം
ദൂരെ പിരിയില്ലെ നമ്മള്‍
മോഹങ്ങളെല്ലാം വിരിയും
പൂവാടി ഭൂവിലൊന്നുണ്ടോ..
പൈങ്കിളീ പാടട്ടെ ഞാനീ-
പ്രണയത്തിന്‍ ഗായകന്‍ വീണ്ടും ....


Wednesday, August 21, 2013

നിറതിങ്കള്‍


       ( ഏറെക്കാലം മുമ്പ്, ഇ. വി  .വത്സന്‍  മാസ്റ്റര്‍  സംഗീതം ചെയ്തു പുറത്തിറങ്ങിയ )                                                                     എന്‍റെയൊരു   ലളിത ഗാനം

തിരമാല മെല്ലെ തൊട്ടുചോദിച്ചു
എവിടെ നിന്‍ തോഴി കണ്ടില്ലല്ലോ
മെല്ലെതഴുകി തലോടുന്ന കാറ്റും
മൌനമായ്‌ മെല്ലെ പിരിഞ്ഞു പോയി....
                                                                 (തിരമാല )
ദൂരെ പകലോന്‍ മറയുന്ന ദിക്കില്‍
എരിയുന്നതെന്നുടെ മോഹമാണോ
വാടാത്തപൂവാണ് പ്രണയമേന്നോതി നീ
വാടി കരിഞ്ഞുവോ പൂവനങ്ങള്‍
                                                               (തിരമാല )
ചാരെ നീ നിന്ന നാളിന്‍റെയോര്‍മ്മകള്‍
നിറയുന്ന നെഞ്ചകമിന്നു സ്വന്തം
ആകാശമാകെ നിറയുന്ന ശോകം
ആകെയും പെയ്തു നനഞ്ഞില്ലയോ.............

Friday, July 26, 2013

നമ്മളിങ്ങനെ...............

വഴിയരികിലാരോ കളഞ്ഞിട്ട-
മൂന്നു കുഞ്ഞുങ്ങള്‍,
മൂന്നു പൂച്ചക്കുഞ്ഞുങ്ങള്‍..

കറുപ്പിലെ വെളുപ്പെന്നോ
വെളുപ്പിലെ കറുപ്പെന്നോ
തിരിച്ചറിയാനാവാതെ-
തീരെച്ചെറിയ  മൂന്നു കുഞ്ഞുങ്ങള്‍...

വെളുപ്പില്‍ കറുപ്പ്
കലര്‍ന്നു തുടങ്ങിയ
നേരമായിരുന്നു കാലം

കറുപ്പില്‍ വെളുപ്പ്‌
പടരുന്നതിനു മുന്‍പ്
വഴിയരികില്‍  വന്നു വീണ
ഭാണ്ടം പെറ്റിട്ടതാവണം

തിരക്കാണ് പാത
എനിക്കും നിനക്കും
തിരക്കേറെയെങ്കിലും-

കുതിക്കും ലോകത്തിന്‍
കൂടെ കുതിക്കാത്ത
കവിക്കുണ്ട് നേരം
കദനങ്ങള്‍ കാണുവാന്‍

ഇനിയും തുറക്കാത്ത
കണ്ണുകള്‍ തുരന്നു പോയ്‌,
ചോണനുറുമ്പുകള്‍
കൊണ്ടു പോയ്‌.

വിറക്കും കരങ്ങളാല്‍
കുഞ്ഞുടല്‍ തൊട്ട  കവി-
യറിഞ്ഞു മൂന്നു ഹൃദയങ്ങള്‍....

ഒന്നാം കുരുന്നില്‍ സത്യമെന്നും
രണ്ടാം കുരുന്നില്‍ കരുണയെന്നും
മൂന്നാം കുരുന്നില്‍ സ്നേഹമെന്നും
തുടിക്കും മൂന്നു ഹൃദയങ്ങള്‍.....


പിന്നെയും പിന്നെയും
മനസ്സിന്നടപ്പുകള്‍
തള്ളി തുറക്കുമീ  കുഞ്ഞുങ്ങള്‍
വാഴില്ല  വാണിടം പുലരില്ല
ആരോ കളഞ്ഞിട്ടു വഴിയരികില്‍ ......

Saturday, January 19, 2013

മാധ്യമവിചാരം

കണ്ണാടിയുടെ രസം 
രാസവാക്യങ്ങള്‍ മാറ്റിയെഴുതിയാല്‍ 
കാണുന്നതെന്തായിരിക്കും ..
എങ്ങിനെയെല്ലാമായിരിക്കും ....

ഒരു പട്ടിണിക്കോലത്തിനു-
നേരെ പിടിച്ചപ്പോള്‍
കൊഴുപ്പിന്റെ കനത്ത പാളികള്‍ 
കണ്ടു ലോകം ഞെട്ടിയത്രെ........

ചില യുദ്ധങ്ങളില്‍ 
തലയില്‍ വന്നുവീണത്-
പൂക്കളും മഞ്ഞുതുള്ളികളും
മാത്രമായിരുന്നെന്നും ......

ഗര്‍ഭാശയങ്ങള്‍ 
കുത്തിത്തുരന്നത്
ഒരു മുള്ളെടുക്കലിന്റെ
ചികിത്സാ ശാസ്ത്ര  ലാഘവമായും......

വരിക നമുക്കീ-
വികൃത പ്രതിഫലനക്കണ്ണാടികള്‍
തച്ചുടച്ചിന്നിനെ കാണാം
ഇന്നിന്‍റെ നേരിനെ കാണാം .....


Friday, January 11, 2013

പ്രണയകാലം...........
പ്രിയതേ
മറന്നൊരാ ഗാനവുമായാരോ
ഓര്‍മ്മ തന്‍ തീരത്ത്
മഴ നനയുന്നു ......

നമ്മളാം കരകള്‍ക്ക്

നടുവിലൂടെത്രയോ
നാളുകള്‍ നീളെയൊഴുകി-
ക്കടന്നു പോയെങ്കിലും

ചെന്നു ചേര്‍ന്നുള്ളൊരാ

കടലിന്‍റെ ആഴങ്ങള്‍
തിരികെയയക്കുന്നു
പിന്നെയും പെയ്യുവാന്‍ .....

കുളിരില്ലയെങ്കിലും

കുളിരാര്‍ന്നൊരോര്‍മ്മ തന്‍
പ്രണയകാലത്തിലേക്കൊരു-
മാത്രയെങ്കിലും
പറന്നുകൂടേ....

നനയില്ലയെങ്കിലും

നനവാര്‍ന്നൊരോര്‍മ്മ തന്‍
പെരുമഴക്കാലം
നനഞ്ഞു കൂടേ....

പിന്നെ

അറിയാതെയെങ്കിലും,
നമ്മള്‍ക്കു നമ്മളെ-
പിരിയുവാന്‍ വയ്യെന്ന്,
നമ്മളറിയാതെയെങ്കിലും
പറഞ്ഞു കൂടേ....

ഇന്നലെകളിൽ നിന്ന്

പണ്ട് നാട്ടുപാതയുടെയോരത്ത ' ആളേറുന്ന നേരത്ത് നാൽക്കാലികളാവുന്ന ഇരുകാലികൾ ഏറെയുണ്ടായിരുന്നു.... പോലീസ് ശിവേട്ടൻ കോലായി...