Tuesday, July 21, 2015

നിന്നോടുമെന്നോടും

ചിത്രം ഗൂഗിളില്‍ നിന്നും

ഇനിയെന്‍റെ പാട്ടിന്‍റെ താളമാക,
നീയെന്‍റെ നേരിന്‍റെ കാവലാക,
ഇന്നിന്‍റെ നോവിലെ തൂവലാകാം..
കണ്ണുകള്‍ പൊള്ളുന്ന കാഴ്ച കാണാം....

ഇനിയേതു തീരമെന്നാര്‍ത്തനാദം,
കടലും കവര്‍ന്നവര്‍ രൌദ്രതാളം
വേരിന്‍റെ നന്മയില്‍ നേരിന്‍റെയുന്മയില്‍-
സര്‍വ്വം തകര്‍ക്കുവാന്‍ കാളകൂടം....

ഓര്‍മ്മതന്‍ മുറ്റത്തെ നന്മ തന്‍ പൂക്കളം,
ഒന്നിച്ചിറുത്തതാം തുമ്പ മലരുകള്‍,
നീയില്ല ഞാനില്ല ചോരക്കളത്തില്‍-
കോമരം തുള്ളുന്ന നമ്മള്‍ മാത്രം.....

ഉള്ളിന്‍റെയുള്ളില്‍ അറിയാതെയെപ്പൊയോ
വെട്ടിയ കൈകളും വെട്ടേറ്റ ജീവനും
തൂക്കും തുലാസിന്‍റെയപ്പുറമിപ്പുറം
തൂക്കിയോ നോക്കിയോ നമ്മള്‍ പോലും

ഇനിയെന്‍റെയുണ്ണിക്ക് മഴ നനഞ്ഞീടുവാന്‍
നീ നിന്‍റെ വാനം വിടര്‍ത്തി നല്ക
ഞാന്‍ നിന്‍റെ പൈതലിന്‍കുഞ്ഞു കരങ്ങളില്‍
നാളെയെ കാക്കും കനവു നല്‍കാം

Saturday, February 14, 2015

പ്രിയ ഡോക്ടർക്ക് .....

കൈയും തലയും പുറത്തിടരുതെന്നു 
ഷാനവാസുമാരോടാണ് 
മുന്നറിയിപ്പ് .....


നാട്ടു നടപ്പനുസരിച്ച് 
ഒരു ഡോക്ടർക്ക്‌ 
കയറാവുന്നത് 
മരുന്ന് കമ്പനികളുടെ 
വാഹനത്തിലും .....


വൃത്തത്തിനു പുറത്തു 
കടക്കുന്നത് 
സൂക്ഷിച്ചാവണം..

ഒരു പത്മശ്രീയുടെ 
പരിധിക്കുള്ളിൽ ...
അല്ലെങ്കിൽ 
പത്തു ലൈകിൻറെ  
നവമാധ്യമത്താളിൽ ...


അവിടെ നിറുത്തണം....
കച്ചവടക്കാരുടെ 
മൂക്കിൻ തുമ്പത്താണ് 
ദേഷ്യം ...
കോടികളാണ് 
മുതൽ മുടക്ക് 
കാടു കയറേണ്ടത് 
നന്മകളാണ്... 
പക്ഷെ കാടിന്റെ മക്കളെ 
കാണരുത് ...

ഇനി നീയുറങ്ങൂ 
അവൻ തരുന്നയിടം 
മാറ്റുവാനാരുമില്ലല്ലോ 
പ്രിയ ഡോക്ടറെ ..................






















Friday, November 7, 2014

ചുംബനം

ഈ ചുംബനമെന്നാല്‍
രതിയാണ്,
രതി മാത്രമാണെന്നുചിലര്‍....


ജനി മൃതികള്‍ക്കിടയില്‍
ഏറ്റവും ഉദാത്തമെന്നു
വേറെ ചിലര്‍....

ചുണ്ടു കൊരുക്കുന്ന
ഗോഷ്ടി ശുദ്ധഭോഷ്ക്കെന്നു
നിര്‍വികാര സത്വര്‍..


ചുംബന സമരം തീര്‍ത്ത-
വാഹന കുരുക്കില്‍
നെഞ്ചുപൊട്ടി മരിച്ചയച്ഛന്‍റെ
കാലില്‍ ചുംബിക്കുമ്പോള്‍-

കംബനമേല്‍ക്കുമോ
സദാചാരത്തിനെന്നെന്‍റെ
പെങ്ങളും.......





Thursday, February 6, 2014







  ലളിത ഗാനം





ഒരു പൂവിതള്‍  നുള്ളി ഞാന്‍ മെല്ലെ
നിന്നെയെറിഞ്ഞപ്പോള്‍ കാറ്റ് ചിരിച്ചു
പ്രണയമാം കുയിലിന്റെ  പാട്ട് കേട്ടല്ലേ-
നിന്‍ മുഖ ശോഭയില്‍ മഴവില്ലുദിച്ചു....

                                                          ( ഒരു പൂവിതള്‍ )
                                         
പൂവുടല്‍ മാറില്‍ ചായുന്ന നേരം
പൂക്കാലമാകെയും നാണിച്ചു നിന്നു..
നീലാംബരമോ നിര്‍വൃതിയാലെ-
നീള്‍മിഴി പൂട്ടി കാതോര്‍ത്തിരുന്നു...

                                                           ( ഒരു പൂവിതള്‍ )

നീയാം കവിതയില്‍ പൂക്കുന്നൊരീണം
മധുമാസ  ചന്ദ്രിക കട്ടെടുത്തില്ലേ-
മാധവമതു കേട്ടു പുളകിതമായി
മലരമ്പനെയ്യാന്‍ സായകമേകി.............

                                                              ( ഒരു പൂവിതള്‍ )

















Friday, November 22, 2013

ജീവിതമെന്നത്‌....

തിടുക്കം കൂട്ടീട്ടെന്തു കാര്യം
ഒരു തുള്ളി മഷിയെ-
ബാക്കിയുള്ളൂ ....


വേഗത്തിലായാലും
വേഗം വെടിഞ്ഞാലും
വാക്കുകള്‍
വരികള്‍ക്കൊരേ  നീളം.

നുണച്ചു കുറിക്കുകയിനിയി -
പ്പേനയാല്‍..
ഓരോ വരിയും
ഓരോ യുഗങ്ങളായ്‌...


പക്ഷെ ചുരുക്കി-
ക്കുറിക്കുക..
പരത്താന്‍ മടിക്കുക.......!!
                     
                                          നവാസ് അത്തോളി

Tuesday, September 3, 2013

ഉത്സവമേളം

നാലുപുരക്കാവിലന്ന് -
നാലാം ഉത്സവമായിരുന്നു
നാണം നിറഞ്ഞൊരു കണ്ണ്-
നെഞ്ചകമാകെ  നിറഞ്ഞ്‌  ......
നാലുപുരക്കാവിലന്ന്-
നാലാം ഉത്സവമായിരുന്നു ...

ചെണ്ടകള്‍ മിണ്ടുന്നതെന്തേ
ചേങ്ങില താളത്തിലെന്തേ-
പുത്തന്‍ വര്‍ണ്ണക്കുടകള്‍ ,
പൂക്കള്‍ നിറയുമിടങ്ങള്‍  ...

മേളം മുറുകി മുറുകി-
മേലേകാവിന്നരികില്‍,
ആല്‍മരചോട്ടിന്‍ തറയില്‍.
വാണിഭചന്ത  തിരക്കില്‍ -
കണ്ടില്ലയൊന്നുമെന്നുള്ളം
കണ്ടതാ പൂര്‍ണേന്ദു  മാത്രം .

ഒരു ക്ഷണം മേലോട്ടു പൊന്തി-
വാനില്‍ നിറഞ്ഞു ചിതറും
പൂത്തിരി വെട്ടത്തില്‍ പോലും
പൂക്കുന്നു നിന്‍ ചിരി തോഴീ ......

മേളം പിരിയുന്ന നേരം
ദൂരെ പിരിയില്ലെ നമ്മള്‍
മോഹങ്ങളെല്ലാം വിരിയും
പൂവാടി ഭൂവിലൊന്നുണ്ടോ..
പൈങ്കിളീ പാടട്ടെ ഞാനീ-
പ്രണയത്തിന്‍ ഗായകന്‍ വീണ്ടും ....


Wednesday, August 21, 2013

നിറതിങ്കള്‍


       ( ഏറെക്കാലം മുമ്പ്, ഇ. വി  .വത്സന്‍  മാസ്റ്റര്‍  സംഗീതം ചെയ്തു പുറത്തിറങ്ങിയ )                                                                     എന്‍റെയൊരു   ലളിത ഗാനം





തിരമാല മെല്ലെ തൊട്ടുചോദിച്ചു
എവിടെ നിന്‍ തോഴി കണ്ടില്ലല്ലോ
മെല്ലെതഴുകി തലോടുന്ന കാറ്റും
മൌനമായ്‌ മെല്ലെ പിരിഞ്ഞു പോയി....
                                                                 (തിരമാല )
ദൂരെ പകലോന്‍ മറയുന്ന ദിക്കില്‍
എരിയുന്നതെന്നുടെ മോഹമാണോ
വാടാത്തപൂവാണ് പ്രണയമേന്നോതി നീ
വാടി കരിഞ്ഞുവോ പൂവനങ്ങള്‍
                                                               (തിരമാല )
ചാരെ നീ നിന്ന നാളിന്‍റെയോര്‍മ്മകള്‍
നിറയുന്ന നെഞ്ചകമിന്നു സ്വന്തം
ആകാശമാകെ നിറയുന്ന ശോകം
ആകെയും പെയ്തു നനഞ്ഞില്ലയോ.............





മീശയുടെ ശ

മീശ പിരിച്ചു പിരിഞ്ഞു നമ്മൾ മീശ പിരിച്ചു പിരിച്ചൂ..... മൂക്കേൽ തൊട്ടു കളിച്ചൂ പിന്നെ മീശ വടിച്ചു കളഞ്ഞൂ.... ആഞ്ഞൂ പിടിച്ചു വലിച്ചൂ ...