Saturday, September 16, 2017

ഇന്നലെകളിൽ നിന്ന്

പണ്ട് നാട്ടുപാതയുടെയോരത്ത'
ആളേറുന്ന നേരത്ത്
നാൽക്കാലികളാവുന്ന
ഇരുകാലികൾ
ഏറെയുണ്ടായിരുന്നു....

പോലീസ് ശിവേട്ടൻ
കോലായിലാരോ 
കൊന്നിട്ട റഫീക്ക്
കളരി ഭാസ്കരൻ
അങ്ങിനെയങ്ങനെ:...

പിന്നെ
നഴ്സറിയിലെ
അവസാന ദിനം
കൊച്ചുങ്ങൾ കുപ്പി
പൊട്ടിക്കാൻ തുടങ്ങിയപ്പോഴാണെന്ന്
തോന്നുന്നു
അവരെല്ലാം
മാളങ്ങളിലേക്ക് വലിഞ്ഞത്

കുനിയിൽ കുളത്തിൽ
ആണുങ്ങളുടെയും
പെണ്ണുങ്ങളുടെയും
കടവിന് നടുവിലിരുന്ന്
ചൂണ്ടയാലും കണ്ണാലും
മീൻ പിടിച്ചാണ്
ഷൈജുവിന്  കോങ്കണ്ണായത്

സണ്ണി ലിയോണുറങ്ങുന്ന
കൊച്ചു ഫോണുകൾ
കീശകളിൽ നിറഞ്ഞത്
കൊണ്ടായിരിക്കണം
കുളത്തിലെയും പടവിലെയും
മീനുകൾ രക്ഷപ്പെട്ടത്


തറവാട്ടുകാരനായ
തടിച്ച പോക്കിരി
പൊടിമീശക്കാരുടെ
ഗുണ്ടാസംഘങ്ങൾക്കാണ്
വഴി മാറിയത്......

എ ആർ കൊട്ടകയിലെ
മൂട്ടക്കുഞ്ഞുങ്ങളും
മോഹനേട്ടനും
നാരായണേട്ടനും
ടൊറന്റിലും
പെൻഡ്രൈവിലുമാണ്
മറഞ്ഞത്....


ഇന്നലെകളിൽ നിന്ന്
ഇന്നിലേക്ക് മറിഞ്ഞു വീണ
ഈ ഗോവണിയിൽ
കയറി നിന്ന്
പക്ഷേ ഞാൻ തിരയുന്നത്
എന്നെ തന്നെയാണ് .........

Friday, September 1, 2017

മോഹങ്ങൾ....

കഅബ ഷെരീഫിന്റെ
കില്ലകൾ ചുംബിച്ചു
കൊതി തീരാത്തൊരു
തെന്നലായെന്നും -

പുണ്യം നിറഞ്ഞുള്ള
ഹറമിന്റെ  ചുറ്റും
നിത്യം ത്വവാഫിൽ
മുഴുകുവാൻ മോഹം ...

നാഥാ നിൻ വിളിക്കുത്തരം
നൽകുവാൻ
കാത്തിരിപ്പാണ് ഞാൻ
കർമ്മഭൂവിൽ ...

ലബ്ബയ്ക്കയോതുന്നു
ഖൽബിലെ പാട്ടുകാർ
തുടിക്കുന്നു നെഞ്ചകം
കൂട്ടത്തിലെത്തുവാൻ .....

പ്രാണന്റെ
പ്രാണനാമെന്റെ
റസൂലിന്റെ
ശബ്ദം മുഴങ്ങിയ
വീഥികൾ കാണണം...

സഫ മർവ കുന്നിൽ
പാദം പതിച്ചെൻറെ
സിരയിലൂടൊഴുകണം
ഓർമ്മ തന്നരുവികൾ...

ഒരു പിടി മണലെനന്റെ
കയ്യിലെടുത്തു ഞാൻ
ആർദ്രമായ് ചോദിക്കും
നിനക്കെന്തു ഭാഗ്യങ്ങൾ
എന്തെന്തു ഭാഗ്യങ്ങൾ ....

ഏതേതു പാദങ്ങൾ
നിന്നിൽ  പുളകമായ്
ഏതേതു രംഗങ്ങൾ
നിന്നിൽ ഹർഷമായ്

എന്റെ ബിലാലിനെ
പൊള്ളിച്ച സങ്കടം
മധുരമാം ബാങ്കൊലി
ദൂരെയെറിഞ്ഞില്ലേ .....

പിന്നെയെൻ മക്കയെ
പിരിയുന്ന മുൻപേ
പിരിയുന്ന
പ്രാണനാണെന്നുമെൻ
സ്വപ്നം

Wednesday, May 17, 2017

കാഴ്ചയ്ക്കപ്പുറം




നോക്കൂ ഞാനീ-
ചില്ലു ജാലകത്തിനിപ്പുറത്ത്
അത് തന്നെയാണ് കണ്ടു
കൊണ്ടിരിക്കുന്നത്...........

ജാലകത്തിനുള്ളിലൂടെ
നീ കാണുന്ന അതേ  ദൃശ്യങ്ങൾ...

ശീതീകരിച്ച  മുറിയിലെ
നിന്റെ കാഴ്ചയുടെ രസതന്ത്രം
പക്ഷെ  എന്റെയിടത്തു ,
അല്ലെങ്കിൽ ഞങ്ങളുടെയിടങ്ങളിൽ
മാറുവാനുള്ളതാണെന്നതാണ് മാറ്റം ...
 
അല്ലെങ്കിൽ സുഹൃത്തേ
ഇങ്ങനെയും പറയാം ...

കാഴ്ച്ചയുടെ പരിധി
പുനർ നിർവചിച്ചു
നീയൊന്നു  പിറകിലോട്ടു മാറിയാൽ
ഞാനും കാഴ്ച്ചയായി മാറിടും ......



                              നവാസ് അത്തോളി



Sunday, April 9, 2017

ഉച്ചഭാഷിണി



ച്ചഭാഷിണിയുടെ
വലിയ വാവട്ടം
കേൾപ്പിക്കാൻ മാത്രമുള്ളതാണ്....

കൂടുതൽ ഉച്ചത്തിൽ
കൂടുതൽ കാതുകളിൽ..

ഇടതന്റെ വലതന്റെ
മതത്തിന്റെ യുക്തന്റെ
പക്ഷങ്ങളിൽ, പക്ഷേ-
പക്ഷങ്ങളില്ലാതെ....

തിരിച്ചെന്തെങ്കിലും
കേൾക്കുക എന്നതും
കാതുകളുണ്ടാവുകയെന്നതും
ജന്മഭാവമല്ല താനും.....

പക്ഷേ,
പറഞ്ഞ് പറഞ്ഞ്
ഭരണകൂടങ്ങൾ പ്രമാണികളുടെ
ഉച്ചഭാഷിണികൾ 
മാത്രമായി തീരുന്നിടത്ത്-
പ്രജകൾ കർണ്ണപുടങ്ങൾ
സ്വയം തകർത്താണ്
ശബ്ദങ്ങളിൽ നിന്ന്
മോചനം നേടുന്നത്......




                                      നവാസ് അത്തോളി




                                                                           ചിത്രം ഗൂഗിളിൽ നിന്നും ........

മീശയുടെ ശ

മീശ പിരിച്ചു പിരിഞ്ഞു നമ്മൾ മീശ പിരിച്ചു പിരിച്ചൂ..... മൂക്കേൽ തൊട്ടു കളിച്ചൂ പിന്നെ മീശ വടിച്ചു കളഞ്ഞൂ.... ആഞ്ഞൂ പിടിച്ചു വലിച്ചൂ ...