Thursday, December 13, 2012

കാക്കയും ബോംബും

സുഹൃത്തേ,
ഇതേയാകാശത്തിന് ചുവട്ടില്‍
തലയില്‍ വന്നു വീഴാന്‍
ബോംബുകള്‍ മാത്രമുള്ള
ചിലയിടങ്ങളുള്ളപ്പോള്‍
നീയെന്തിനാണ്
ഈ കാക്കകളോട്
ഇത്രയും രോഷാകുലനാകുന്നത്......


നിന്റെ,
പ്രഭാത സവാരിക്കിടയില്‍
ഒരിക്കലെങ്കിലും നിനക്ക്
വഴിയരികിലെ മരത്തിലെ
കാക്കകളെ കുറിച്ചല്ലാതെ
തലയില്‍ വന്നു വീഴുന്ന-
മരണത്തെക്കുറിച്ച്
ഭയക്കാനിടയുണ്ടായിരുന്നോ....


തിരിച്ച് കൂടണയുമ്പോള്‍
നിന്റെ കൈ വിരലുകളില്‍
തൂങ്ങുമായിരുന്ന
രണ്ടിളം കൈകള്‍
ഒരു യന്ത്ര പക്ഷിയിട്ട ക്രൂരതയില്‍
ചിതറിത്തെറിച്ച-
കാഴ്ച കാണേണ്ടിയും..................


ചിലയിടങ്ങളിലങ്ങനെയുമുണ്ട്  സുഹ്രുത്തേ......
ചിലയിടങ്ങളിലത് മാത്രമേയുള്ളൂ............


എനിക്കും നിനക്കും
നമുക്കും, നോവാത്തത് കൊണ്ട്
നാം മറന്നുകളയുന്ന പലതും പോലെ
ഇരകളുടെ ഇടങ്ങള്‍ ........





Wednesday, December 5, 2012

അഭയമറ്റവള്‍ക്ക്......

ഒരു കുപ്പി വെള്ളത്തിനായ്‌
ഇറങ്ങിയ നീ-
ഒരു കിണര്‍ നിറച്ചാണ്
മരിച്ചത്‌ ........?


ഉറക്കച്ചടവകറ്റാന്‍
ഇറങ്ങിയ നീ-
നിത്യതയിലുറങ്ങിയാണ്
മടങ്ങിയത്.......!!

പൗരോഹിത്യത്തിന്
കുരിശായിത്തീര്‍ന്നവന്റെ
മണവാട്ടിയായിട്ടും
അഭയം ലഭിക്കാത്തവളെ,
വാതിലില്‍ കുരുങ്ങിയ
നിന്റെ ശിരോവസ്ത്രം പോലെ
സത്യവും എവിടെയെല്ലാമോ
കുരുങ്ങികിടക്കുമ്പോള്‍
ഇരുട്ടിനെ പ്രണയിച്ചവര്‍
ഇന്നും പ്രണയിക്കുന്നവര്‍
ഇവിടെ സുരക്ഷിതരാണ്....

എങ്കിലും
ഇരയുടെ ഒടുക്കത്തെ രോദനത്തിന്‍
മാറ്റൊലി
പ്രപഞ്ചത്തിന്നൊടുക്കം വരെ
കാത്തുവെക്കുന്നൊരാള്‍
ഒരു ചെറുതിരിയും
ബാക്കിയാക്കിയിരിക്കും.....

അസത്യങ്ങളുടെ പ്രഭയില്‍
ഒളിച്ചുനില്‍ക്കുന്ന
കുഞ്ഞുനക്ഷത്രമായ്‌
ആ തിരിനാളം
ബാക്കിയാവുക തന്നെ ചെയ്യും




Saturday, November 3, 2012

നൊമ്പരക്കൂട്


ഒരു വൃത്തത്തിലുമായിരുന്നില്ല
എന്നില്‍ നൊമ്പരങ്ങള്‍ നിറഞ്ഞത്
കവിഞ്ഞൊഴുകിയതും.........
പക്ഷെ,
നൊമ്പരങ്ങളുടെ വൃത്തത്തിനകത്ത്
കവിതയുണ്ടായിരുന്നു...


കവിയാകുവാന്‍ വേണ്ടിയായിരുന്നില്ല
ഞാന്‍ നോവ്‌ തിന്നത്
കരഞ്ഞു തീര്‍ത്തതും..
പക്ഷെ,
മുറിവുകളിലൊരു തൂവല്‍ തലോടലായ്‌
കവിതയുണ്ടായിരുന്നു...

തീ തിന്നു വളര്‍ന്നൊരു പക്ഷി
കൊടിയവേനലില്‍
അതിന്‍റെയാകാശത്തിന് ചുവട്ടില്‍
നൃത്തമാടുന്നപോലെ
കവി നഷ്ടങ്ങളുടെ വേനലില്‍
വേവാതെ,യൊരു വേഴാമ്പലാവാതെ ...........



Friday, October 26, 2012

സമാധാനപ്പല്ലി


നവാസ്‌ അത്തോളി



(ആണ്ടുകള്‍ക്കപ്പുറത്തൊരു
ബലിപെരുന്നാള്‍ദിനത്തില്‍സദ്ദാംഹുസൈ
ന്‍തൂക്കിലേറ്റപ്പെട്ടപ്പോ ള്‍എഴുതിയ കവിത   
ഈ ബലി പെരുന്നാള്‍ ദിനത്തില്‍ ...)
സമാധാനപ്പല്ലി

ഇനി,
അയാള്‍ നാക്ക്‌ നീട്ടുന്നത്
നമുക്ക്‌ നേരെയായിരിക്കും....

ഭൂലോകസമാധാനമാകെ-
താങ്ങിനിര്‍ത്തുന്നത്‌
താനാണെന്നമട്ടില്‍
ഒരു തെരഞ്ഞെടുപ്പ് നാണക്കേടിന്റെ
മേല്‍ക്കൂരയില്‍ കയറിനിന്ന്
ഈ ഭീകരന്‍
നാക്കുനീട്ടാന്‍ തുടങ്ങിയിട്ട്
നാളുകളേറെയായി.

നാണമില്ലായെന്ന്‍
നാണിക്കുവാന്‍ പോലുമാവാതെ
നാമിരിക്കുമ്പോള്‍
ഇവറ്റകള്‍ തലയ്ക്കുമുകളില്‍
നൃത്തമാടുക തന്നെ ചെയ്യും.

ചാണക്യസൂത്രങ്ങളറിയുന്നയീ-
പല്ലിയിന്നലെ,
നാവില്‍ കൊടിയ വിഷം പുരട്ടിയൊരു
സിംഹത്തിന്റെ മുറിവില്‍ തൊട്ടതിനെ-
കൊന്നുവത്രെ...!!


പക്ഷെ
കൊന്ന പാപവുംമാംസവും
തിന്നു തീര്‍ക്കാനാവാതെ
വലഞ്ഞുവത്രെ....
വലയുമത്രെ...

അല്ലെങ്കിലും
ഒരു പല്ലിക്ക്
ഒരു സിംഹത്തിനെയെങ്ങിനെ.....?

ഇവന്റെ കുലത്തില്‍
ഇവനെക്കാളെത്രയോ
ഉഗ്രരായിരുന്ന ദിനോസറുകള്‍
ഭൂമിയില്‍ മദിച്ചതും
തുടച്ചു,തുടച്ചു നീക്കപ്പെട്ടതും
ഇവനറിയാതിരിക്കുമോ....
ഇവനെയറിക്കാതിരിക്കുമോ......



Tuesday, October 23, 2012

അറിവ്‌

അറിയുക പിന്നെയുമറിയുകയീ
വേവും നോവുകള്‍  നോവല്ല ....

ദിനരാത്രങ്ങളുരുകിയൊലിച്ചീ-
കാലത്തിന്നള നിറയുമ്പോള്‍
നൂലായ് പിന്നെയുമെത്തുന്നു
കരളു പിളര്‍ക്കും വേദനകള്‍

മെഴുതിരിപോലെയെരിയുന്നു
ഞാന്‍ മനമുരുകുന്നു പാടുന്നു

ഓരോ പുലരിയുമെരിയും വേനല്‍
കടലായ്‌ മുന്നില്‍ നിറയുമ്പോള്‍
അണയുന്നിരവുകള്‍ മരുഭൂവാക്കാന്‍
ക്രൌര്യത തിന്നുതുടുത്ത പകല്‍

പ്രിയമൊരു പാട്ടിന്നോര്‍മകള്‍ പോലും
പരതിയെടുക്കാന്‍ തന്നീടാതെ
പിടിച്ചു വലിച്ചു ഞെരിക്കുകയാണെന്‍
ചേതനയെയൊരു  ചെന്നായ്‌കൂട്ടം

അറിയുക പിന്നെയുമറിയുകയീ
അറിയും നോവുകള്‍  നോവല്ല ....
മെഴുതിരിപോലെയെരിയുന്നു
ഞാന്‍ മനമുരുകുന്നു പാടുന്നു

Thursday, October 4, 2012

കറുത്ത വെളുപ്പ്

വെളുത്തൊരമമയ്ക്കും
കറുത്തൊരച്ചനും പിറന്ന
കറുത്ത നീയും പിന്നെ
വെളുത്ത ഞാനും

കറുപ്പൊഴികെ ഏതു വര്‍ണ്ണവും നിനക്ക് 
പ്രിയപ്പെട്ടതായിരുന്നു

കാര്‍മുകില്‍ വര്‍ണ്ണനെ കുറിച്ചുള്ള
വര്‍ണ്ണനകളിലൊന്നും
നീ  തൃപ്തയായിരുന്നുമില്ല

കറുപ്പ് മാറാന്‍ പൊടിക്കൈകള്‍
തേടിയ ബാല്യം
പരിഹാസച്ചിരിയില്‍ ഞങ്ങള്‍
വീണ്ടുമെത്രയാണ് കറുപ്പിച്ചത്........

ഒടുവില്‍ സോദരീ
സര്‍പ്പവിഷനീലിമയില്‍
നീ കറുപ്പ് വെടിഞ്ഞ്
വെളുപ്പണിഞ്ഞ്
വെളുത്ത വാനിലലിഞ്ഞെങ്കിലും
വെളുത്ത ഞങ്ങളീ
കറുത്ത മണ്ണില്‍
ഉള്ളം കറുത്തുമിന്നും
കനല് തിന്നുന്നു


മീശയുടെ ശ

മീശ പിരിച്ചു പിരിഞ്ഞു നമ്മൾ മീശ പിരിച്ചു പിരിച്ചൂ..... മൂക്കേൽ തൊട്ടു കളിച്ചൂ പിന്നെ മീശ വടിച്ചു കളഞ്ഞൂ.... ആഞ്ഞൂ പിടിച്ചു വലിച്ചൂ ...